ഓമല്ലൂര്‍ വയല്‍വാണിഭം
ചരിത്രപ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍വാണിഭം പഴയ തിരുവിതാംകൂര്‍ പ്രദേശത്തെ ഏറ്റവും വലിയ കാര്‍ഷിക-വ്യാപാരമേളയായിരുന്നു.നൂറ്റാണ്ടുകള്‍ക്കു മുമ്പ് തുടങ്ങിവച്ച ഈ മേളയെപ്പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. തെക്കന്‍ തിരുവിതാംകൂറിലെ വെളിനല്ലൂര്‍ വയല്‍വാണിഭസ്ഥലത്തു നിന്നും ഒരു കാളക്കൂറ്റന് ഹാലിളകി വടക്കോട്ടോടി ഓമല്ലൂര്‍ വയലില്‍ എത്തിയെന്നും ഇവിടെയുള്ള ഒരു കര്‍ഷകകാരണവര്‍ ആ കാളക്കൂറ്റനെ വയലിന്റെ മധ്യത്തില്‍ ഒരു പാലക്കുറ്റിയില്‍ ബന്ധിച്ചെന്നുമാണ് കഥ. ഈ പാലക്കുറ്റി കിളിച്ചുവളര്‍ന്ന് ഒരു പാലമരമായി. വയല്‍വാണിഭത്തിന്റെ ഗതകാലസ്മരണകളുണര്‍ത്തിക്കൊണ്ട് ഒരു സ്മാരകമെന്നവണ്ണം ഓമല്ലൂര്‍ വയലില്‍ ഈ പാല ഇന്നും നിലനില്ക്കുന്നു. ഈ സംഭവത്തെ ആസ്പദമാക്കി എല്ലാവര്‍ഷവും മീനമാസം ഒന്നാം തീയതി മുതല്‍ വയല്‍വാണിഭം കൊണ്ടാടിവരുന്നു. ആദ്യകാലങ്ങളില്‍ ഒരാഴ്ചയിലധികം നീണ്ടുനിന്നിരുന്ന കാളവാണിഭവും ഒരു മാസക്കാലത്തെ മറ്റിനങ്ങളുടെ വ്യപാരമേളയും നടന്നുവന്നിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ നിന്നും കന്നുകാലികളുമായി കര്‍ഷകര്‍ വ്യാപാരത്തിന് എത്തിച്ചേര്‍ന്നിരുന്നു.