ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഭൂപ്രകൃതി

       പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ടാ ജില്ലാ കേന്ദ്രത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഓമല്ലൂര്‍ പഞ്ചായത്തിന് 14.54 ച.കി.മീറ്റര്‍ വിസ്തൃതിയും 15 വാര്‍ഡുകളും ഉണ്ട്.അച്ചന്‍കോവിലാറിന്‍റെ വടക്കേതീരത്താണ് ഈ ഗ്രാമത്തിന്‍റെ സ്ഥാനം. വളഞ്ഞ് പുളഞ്ഞൊഴുകുന്ന അച്ചന്‍കോവിലാറിന് ഓമല്ലൂര്‍ പഞ്ചായത്തില്‍ ഉദ്ദേശം 12കി.മീറ്റര്‍ നീളത്തില്‍ തീരമുണ്ട്. കുന്നുകളും വിശാലമായ നെല്‍പ്പാടങ്ങളും ഫലഭൂയിഷ്ഠമായ സമതല പ്രദേശങ്ങളും ഉള്‍പ്പെടുന്ന മനോഹരമായ ഗ്രാമമാണ് ഓമല്ലൂര്‍. വിശാലമായ നെല്‍പ്പാടങ്ങള്‍ ഉളളതിനാലാകണം ഓമനനെല്ലൂര് എന്ന് പേരുണ്ടാകാന്‍ കാരണം.കാലാന്തരത്തില്‍ ഓമല്ലൂരായി രൂപാന്തരപ്പെട്ട ഈ ഗ്രാമത്തില്‍ മനുഷ്യവാസം തുടങ്ങിയിട്ട് ആയിരത്തില്‍പ്പരം വര്‍ഷങ്ങളായിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്.1982 വരെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന പത്തനംതിട്ട താലൂക്കില്‍ 1941 ലാണ് ഓമല്ലൂരില്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്.സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ പഞ്ചായത്ത് ഗ്രാമത്തിന്‍റെ സ്വഭാവത്തില്‍ നിന്ന് മാറി ത്വരിതഗതിയില്‍ നഗരവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്.
    ഭൂപ്രകൃതിയനുസരിച്ച് ഓമല്ലൂര്‍ പഞ്ചായത്തിനെ കുന്നുകള്‍,കുന്നിന്‍പുറത്തുളള സമതലം,വലിയ ചരിവുപ്രദേശം, ചെറിയ ചരിവുതലങ്ങള്‍, നദീതീരസമതലം, പാടങ്ങള്‍,വെളളക്കെട്ടുകള്‍ എന്നിങ്ങനെ ഏഴ് വ്യത്യസ്ത മേഖലകളായി തിരിക്കാം.ശേഷിക്കുന്ന 3ശതമാനം വരുന്ന സ്ഥലം റോഡുകളും നീരൊഴുക്ക് തോടുകളായി കാണപ്പെടുന്നു.ഇത് എല്ലാ പ്രദേശത്തുമായി വ്യാപിച്ചുകിടക്കുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോള്‍ വാഴമുട്ടം, മുളളനിക്കാട്, ആറ്റരികം, മഞ്ഞനിക്കര, ഓമല്ലൂര്‍ ടൗണ്‍ , ചീക്കനാല്‍, ഐമാലി വെസ്റ്റ് എന്നീ വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളും മുണ്ടകന്‍, താണമുട്ടം, ചേറ്റൂര്‍, ചെമ്പകണ്ടം, ഏലാകളും വെളളപ്പൊക്കക്കെടുതിക്കിരയാവുന്നത് പതിവാണ്.
     പ്രധാനമായും മൂന്നുതരം മണ്ണാണ് ഈ പഞ്ചായത്തില്‍ കാണപ്പെടുന്നത്.തീരസമതലങ്ങളില്‍ എക്കല്‍ കലര്‍ന്ന മണലും ,പാടങ്ങളില്‍ പശിമരാശി മണ്ണും,കുന്നുകള്‍ ചരിവുകള്‍ , എന്നിവിടങ്ങളില്‍ ചരല്‍കലര്‍ന്ന ചെമ്മണ്ണുമാണുളളത്.മൂന്നോ നാലോ അടി മുതല്‍ 25 അടി വരെ ആഴത്തില്‍ വെട്ടുകല്ലും സുലഭമായികിട്ടുന്ന പ്രദേശങ്ങള്‍ ഇവിടെയുണ്ട്. ഒരു വര്‍ഷത്തില്‍ ശരാശരി 3098 മില്ലീ മീറ്റര്‍ മഴ ഈ പഞ്ചായത്തില്‍ ലഭിക്കുന്നതായി കണക്കാക്കപ്പെടുന്നു.ജൂണ്‍,ജൂലൈ മാസങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇടവപ്പാതിയിലും തുലാവര്‍ഷങ്ങളിലുമായി രണ്ടുസമയങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നു.വര്‍ഷപാതങ്ങള്‍ മുന്‍കാലത്തെപ്പോലെ ക്യത്യസമയത്ത് ലഭിക്കുന്നില്ല.ഒറ്റപ്പെട്ട മഴക്കാലങ്ങള്‍ കാര്‍ഷികവ്യത്തിക്കും മറ്റും അസൗകര്യങ്ങളുണ്ടാക്കുന്നുണ്ട്.
 

ജനസംഖ്യ
    കോഴഞ്ചേരി താലൂക്കില്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 2011 ലെ സെന്‍സസ് പ്രകാരം 17611 ആണ്. 8189 പുരുഷന്‍മാരും 9422 സ്ത്രീകളും ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തില്‍ 2411 പേരും പട്ടികവര്‍ഗ്ഗത്തില്‍45 പേരും ഉണ്ട്.
സാമൂഹിക-സാംസ്കാരിക-സാമ്പത്തിക തൊഴില്‍ അവസ്ഥ
    ഐതിഹ്യ പ്രധാനവും ചരിത്ര പ്രസിദ്ധവുമായ ഓമല്ലൂർ വയൽ വാണിഭം പഴയ തിരുവിതാംകൂർ പ്രദേശത്ത് ഏറ്റവും വലിയ കാർഷിക വ്യാപാരമേളയാണ്. ഇതിന്‍റെ ആരംഭം എന്നാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തുടങ്ങിയ ഈ മേളയെക്കുറിച്ച് ഐതിഹ്യങ്ങളും പാട്ടുകളും പ്രചാരത്തിലുണ്ട്. തെക്കൻ തിരുവിതാംകൂറിലെ വെളിനല്ലൂർ വയൽവാണിഭ സ്ഥലത്തുനിന്ന് ഒരു കാളകൂറ്റൻ കെട്ടിയിരുന്ന കുറ്റിയോട് കൂടി വിരണ്ടോടി ഓമല്ലൂർ വയലിൽ എത്തുകയും ഒരു കർഷകൻ വയലിന്‍റെ മധ്യത്തിൽ ആ കുറ്റിയിൽ തന്നെ ബന്ധിച്ചു. ഈ പാലക്കുറ്റി കിളിച്ചു വളർന്ന് ഒരു പാലമരമായി എന്നുമാണ് കഥ.വയൽവാണിഭത്തിന്റെ ഗതകാല സ്മരണകൾ ഉയർത്തി കൊണ്ട് ഈ പാലമരം ഒരു സ്മാരകമായി ഇന്നും നിലകൊള്ളുന്നു.ഈ സംഭവത്തെ ഓർമപ്പെടുത്തിക്കൊണ്ട് എല്ലാവർഷവും മീന മാസം ഒന്നാം തീയതി മുതൽ വയൽവാണിഭം കൊണ്ടുവരുന്നു ആദ്യകാലങ്ങളിൽ ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന കാള വാണിഭവും ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന കാർഷികവിളകളുടെ മറ്റു വ്യാപാരവും നടന്നു വരുന്നു. കൊല്ലം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽനിന്നും  പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കന്നുകാലികളും ആയി കർഷകർ ക്രയവിക്രയത്തിനായി എത്തിച്ചേർന്നിരുന്നു. അതോടൊപ്പം കാർഷിക വിപണിയും ഉണ്ടായിരുന്നു. സമീപ കാലത്ത് കാർഷിക മേഖലയിൽ വന്ന മാറ്റത്തിന്റെയും യന്ത്രവൽക്കരണത്തിന്‍റേയും മറ്റും ഫലമായി ഉഴവുകാളകളുടെ  എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ദേശീയോദ്ഗ്രഥനം സാധ്യമാക്കാൻ സഹായിക്കുന്ന വയൽവാണിഭത്തിന്‍റെ  പ്രസക്തി നിലനിർത്താൻ പഞ്ചായത്ത് കമ്മിറ്റി വളരെയധികം ശ്രമിക്കുന്നുണ്ട്. 
    പുരാതനമായ ക്ഷേത്രങ്ങളും പള്ളികളും ഈ ഗ്രാമത്തിലെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം,താഴൂർ ഭഗവതിക്ഷേത്രം, ഉഴുവത്ത് ഭഗവതി ക്ഷേത്രം ഉൾപ്പെടെ പുരാതനമായ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.800 ലധികം വർഷത്തെ പഴക്കമുള്ള ഓമല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട് കിഴക്ക് കല്ലേലി ആറ്റിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ  പുഷ്പമായി ഒഴുകിവന്ന ദേവനെ ഉഴവത്തു കടവിൽ കുളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ കിണ്ണത്തിൽ എടുത്തു കരയ്ക്ക് വെച്ചുവെന്നും  പിന്നീട് ദൈവികശക്തി ബോധ്യമായപ്പോൾ നാട്ടുകാർ ദേവനെ പ്രതിഷ്ഠിച്ച് ഓമല്ലൂർ ക്ഷേത്രം പണികഴിപ്പിച്ചു എന്നുമാണ് ഐതിഹ്യം. പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഒമ്പത് ദിവസം ആറാട്ട് എഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഓമല്ലൂർ ക്ഷേത്രം. ഓമല്ലൂർ വലിയപള്ളി 700 വർഷത്തിലധികം പഴക്കമുണ്ട്  ആദ്യം ഈ പള്ളിക്ക് തറക്കല്ലിട്ടത് മഞ്ഞിനിക്കരയിൽ  പറകുന്നിലാണ്.  അവിടെ പള്ളി പണിയുന്നതിന് തടസ്സം ഉണ്ടായപ്പോൾ പന്തളം രാജാവിന്റെ അനുവാദത്തോടെ ഓമല്ലൂർ ക്ഷേത്രത്തിന് അര കിലോമീറ്റർ പടിഞ്ഞാറ് കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് കോയിക്കൽവക പുരയിടത്തിൽ പള്ളിപണി കഴിപ്പിച്ചു.1905 ൽ ഹൈസ്കൂൾ അനുവദിച്ചപ്പോൾ (ഇന്നത്തെ ഹയർസെക്കൻഡറി സ്കൂൾ) അത് താൽക്കാലികമായി ഈ പള്ളിയുടെ കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.ഈ ഗ്രാമത്തിലെ പ്രസിദ്ധമായ ഒരു ദേവാലയമാണ് മഞ്ഞനിക്കരപ്പള്ളി. പഞ്ചായത്ത് വിഭജിച്ചതിനെ തുടർന്ന് പള്ളി നിൽക്കുന്നഭാഗം ചെന്നീർക്കര പഞ്ചായത്തിൽ ആണെങ്കിൽപോലും  ഓമല്ലൂർ പഞ്ചായത്തിലെ മഞ്ഞനിക്കര  വാർഡിന്‍റെ പേരിൽ അറിയപ്പെടുന്ന ഈ പള്ളിയിലാണ് മോറാൻ മാർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവ കബറടങ്ങിയത്.തുടർന്ന് എല്ലാ വർഷവും ഫെബ്രുവരി 13ന് (കുഭം ഒന്ന്)കേരളത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ കാൽനടയായി പള്ളിയിൽ തീർത്ഥാടനത്തിന് എത്തുന്നു. 
ഭൂവിനിയോഗത്തിലും പരിസ്ഥിതിയിലും വന്ന മാറ്റങ്ങള്‍
അച്ചന്‍കോവിലാറിന്‍റെ വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന കുന്നുകളും താഴ് വരകളും സമതലങ്ങളും വിശാലമായ നെല്‍വയലുകളും ഉള്‍ച്ചേര്‍ന്ന ഒരു ഭൂപ്രദേശമാണ്  ഓമല്ലൂര്‍ പഞ്ചായത്ത്.ഭൂരിപക്ഷം ആളുകളും കാര്‍ഷിക വ്യത്തിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.ഭൂഉടമസ്ഥരായ ഭൂരിപക്ഷം ആളുകളും ഒരു ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശം ഉളളവരാണ്. വഴികള്‍,നീരൊഴുക്ക് തോടുകള്‍,വെളളക്കട്ടുകള്‍,പാറകെട്ടുകള്‍  തുടങ്ങിയവ ഒഴിവാക്കിയാല്‍  95% ഭൂമിയും കൃഷിയ്ക്ക് ഉപയുക്തമാണ്.