പത്തനംതിട്ട ജില്ല
2025 ഡിസംബര്‍ 31 ന് മുന്‍പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷാ -ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31 ന് മുന്‍പായി അടുത്തുള്ള അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്ഥാപന ചരിത്രം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രപശ്ചാത്തലം, സാംസ്കാരിക പാരമ്പര്യം, മതസൗഹാർദ്ദം, വിദ്യാഭ്യാസം, ഭരണചരിത്രം എന്നിവ വ്യക്തമാക്കുന്നു.

ചരിത്രപശ്ചാത്തലം

മധ്യതിരുവിതാംകൂർ പ്രദേശം ചെറിയ നാട്ടുരാജ്യങ്ങളായി തിരിച്ച് രാജാക്കന്മാർ ഭരണം നടത്തിയിരുന്ന കാലത്ത് അവയിൽ പ്രധാനപ്പെട്ടവയായിരുന്നു കായംകുളം, പന്തളം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ നാട്ടുരാജ്യങ്ങൾ. പന്തളം മുതൽ കിഴക്കോട്ടുള്ള പ്രദേശങ്ങൾ പന്തളം രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു.

കോയിക്കൽ തമ്പുരാക്കന്മാരും ഓമല്ലൂരിന്റെ ഭരണവും

പന്തളം രാജാവിന്റെ കീഴിൽ സാമന്തന്മാരായി പ്രവർത്തിച്ചിരുന്ന തമ്പുരാക്കന്മാരെന്നു വിളിക്കപ്പെട്ട ഒരു കൂട്ടരായിരുന്നു ഓമല്ലൂരിന്റെ ആധിപത്യവും ഭരണക്രമവും കൈയ്യാളിയിരുന്നത്. ഇവരുടെ ആസ്ഥാനത്തിന് കോയിക്കൽ എന്നാണ് പേര്.

ഈ ഗ്രാമത്തിലെ ഭൂമിയാകെത്തന്നെ കോയിക്കലുകാരുടെ നിയന്ത്രണത്തിലും അധീനതയിലും ആയിരുന്നു.

തിരുവിതാംകൂർ രാജ്യത്തിന്റെ രൂപീകരണം

എ.ഡി. 1740–50 കാലയളവിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലം മുതൽ വടക്കോട്ട് കൊച്ചിരാജ്യത്തിന്റെ തെക്കുവരെയുള്ള നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചു. അക്കൂട്ടത്തിൽ പന്തളം രാജ്യവും അതിന്റെ ഭാഗമായ ഓമല്ലൂരും ഉൾപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ ഓമല്ലൂർ വയൽവാണിഭം

ചരിത്രപ്രസിദ്ധമായ ഓമല്ലൂർ വയൽവാണിഭം പഴയ തിരുവിതാംകൂർ പ്രദേശത്തെ ഏറ്റവും വലിയ കാർഷിക-വ്യാപാരമേളയായിരുന്നു. ഇതിന്റെ ആരംഭം എന്നായിരുന്നുവെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് തുടങ്ങിവച്ച ഈ മേളയെപ്പറ്റി പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.

തെക്കൻ തിരുവിതാംകൂറിലെ വെളിനല്ലൂർ വയൽവാണിഭസ്ഥലത്തു നിന്നും ഒരു കാളക്കൂറ്റൻ ഹാലിളകി വടക്കോട്ടോടി ഓമല്ലൂർ വയലിൽ എത്തിയെന്നും ഇവിടെയുള്ള ഒരു കർഷകകാരണവർ ആ കാളക്കൂറ്റനെ വയലിന്റെ മധ്യത്തിൽ ഒരു പാലക്കുറ്റിയിൽ ബന്ധിച്ചെന്നുമാണ് കഥ. ഈ പാലക്കുറ്റി കിളിച്ചുവളർന്ന് ഒരു പാലമരമായി. വയൽവാണിഭത്തിന്റെ ഗതകാലസ്മരണകളുണർത്തിക്കൊണ്ട് ഒരു സ്മാരകമെന്നവണ്ണം ഓമല്ലൂർ വയലിൽ ഈ പാല ഇന്നും നിലനിൽക്കുന്നു.

വയൽവാണിഭത്തിന്റെ പാരമ്പര്യം

  • ഈ സംഭവത്തെ ആസ്പദമാക്കി എല്ലാവർഷവും മീനമാസം ഒന്നാം തീയതി മുതൽ വയൽവാണിഭം കൊണ്ടാടിവരുന്നു.
  • ആദ്യകാലങ്ങളിൽ ഒരാഴ്ചയിലധികം നീണ്ടുനിന്നിരുന്ന കാളവാണിഭവും ഒരു മാസക്കാലത്തെ മറ്റിനങ്ങളുടെ വ്യാപാരമേളയും നടന്നുവന്നിരുന്നു.
  • പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നും കന്നുകാലികളുമായി കർഷകർ വ്യാപാരത്തിന് എത്തിച്ചേർന്നിരുന്നു.
  • വാണിഭം പ്രമാണിച്ച് ആദ്യകാലത്ത് ചെങ്ങന്നൂരിൽ നിന്നും, പിന്നീട് പത്തനംതിട്ടയിൽ നിന്നും തഹസിൽ മജിസ്ട്രേറ്റ് കോടതി ഓമല്ലൂരിൽ സ്പെഷ്യൽ സിറ്റിംഗ് നടത്തി കേസുകൾ കേട്ട് തീർപ്പുകൽപ്പിച്ചിരുന്നു.

പുരാതന ക്ഷേത്രങ്ങളും മതപാരമ്പര്യവും

ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രവും താഴൂർ ഭഗവതിക്ഷേത്രവും ഉൾപ്പെടെ പുരാതനമായ നിരവധിക്ഷേത്രങ്ങൾ ഇവിടെയുണ്ട്.

800-ലധികം വർഷം പഴക്കമുള്ള ഓമല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളും നിലവിലുണ്ട്.

പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ഒൻപതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ തീർത്ത നാഗസ്വരവും ചേങ്ങലയും പ്രസിദ്ധമായ പുരാവസ്തുക്കളാണ്.

ക്രൈസ്തവ പാരമ്പര്യവും പുരാതന പള്ളികളും

ഓമല്ലൂർ വലിയപള്ളി

ഓമല്ലൂർ വലിയപള്ളിക്ക് 400 വർഷത്തിലധികം പഴക്കമുണ്ട്.

മഞ്ഞിനിക്കരയിലെ പറയകുന്നിൽ പള്ളി പണിയുന്നതിന് തടസ്സം ഉണ്ടായപ്പോൾ പന്തളം രാജാവിന്റെ അനുവാദത്തോടെ ഓമല്ലൂർ ക്ഷേത്രത്തിന് അര കിലോമീറ്റർ പടിഞ്ഞാറ് കോയിക്കൽ വക പുരയിടത്തിൽ പള്ളി പണി കഴിപ്പിക്കുകയാണുണ്ടായത്. 1909-ൽ ഓമല്ലൂരിൽ ഒരു സ്കൂൾ അനുവദിച്ചപ്പോൾ, ഇന്നത്തെ ഗവ. ഹൈസ്കൂൾ, അത് താൽക്കാലികമായി ഈ പള്ളിയുടെ കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.

മഞ്ഞിനിക്കര പള്ളി

ഓമല്ലൂർ ഗ്രാമത്തിലെ പ്രസിദ്ധമായ മറ്റൊരു പള്ളിയാണ് മഞ്ഞിനിക്കരപള്ളി. പഞ്ചായത്ത് വിഭജിച്ചതിനെ തുടർന്ന് പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലായെങ്കിലും, പള്ളി ഓമല്ലൂർ പഞ്ചായത്തിലെ മഞ്ഞിനിക്കര വാർഡിന്റെ പേരിലാണ് അറിയപ്പെടുന്നത്. എല്ലാവർഷവും ഫെബ്രുവരി 13-ന് (കുംഭം ഒന്ന്) കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങൾ കാൽനടയായി ഈ പള്ളിയിൽ തീർത്ഥാടനം നടത്തിവരുന്നു.

സാമൂഹികവും ദേശീയവുമായ ചരിത്രം

1110-ൽ ഓമല്ലൂർ ആൽത്തറ മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ ഹരിജൻ നേതാവായ പി.സി. ആദിച്ചനും ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട പ്രമുഖ വ്യക്തികളും പ്രസംഗിക്കുകയുണ്ടായി.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് 1937-ൽ ഓമല്ലൂരിൽ ഗംഭീര സ്വീകരണം നൽകുകയുണ്ടായി. ദേശീയ നേതാക്കളായ വിനോബാഭാവേ, ജയപ്രകാശ് നാരായണൻ എന്നിവർക്കും ഓമല്ലൂർ നിവാസികൾ സ്വീകരണം നൽകിയിട്ടുണ്ട്.

ഒരുകാലത്ത് ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്ന ഒരാൾ ക്രിസ്ത്യൻ കുടുംബമായ വടക്കേടത്ത് വീട്ടിലെ അംഗമായിരുന്നു. ഇത് ഓമല്ലൂർ പ്രദേശത്തിന്റെ സാമൂഹിക സഹവർത്തിത്വത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെ വ്യക്തമാക്കുന്ന ഒരു സംഭവമായി കാണാം.

മതസൗഹാർദ്ദത്തിന്റെ പാരമ്പര്യം

1930-ൽ ആരംഭിച്ച് എല്ലാവർഷവും കൊണ്ടാടിവരുന്ന ഓമല്ലൂരിലെ സംയുക്ത ക്രിസ്തുമസ് ആഘോഷം പൊതുസ്ഥലത്ത് നടക്കുന്ന, മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ക്രിസ്തുമസ് പരിപാടികളിലൊന്നാണ്.

യാക്കോബായ സഭയുടെ പരമോന്നതനായിരുന്ന മൊറാൻ മാർ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവ സിറിയയിലെ അന്ത്യോക്യയിൽ നിന്ന് തിരുവിതാംകൂറിൽ എത്തി പര്യടനം നടത്തിവരവെ 1932-ൽ മഞ്ഞിനിക്കര പള്ളിയിൽ വച്ച് നിര്യാതനായപ്പോൾ മൃതദേഹം കൊണ്ടുപോകാതെ ഇവിടെത്തന്നെ കബറടക്കണമെന്ന് താൽപര്യപ്പെടുകയും അതിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തത് ഹിന്ദുക്കളും കൂടിയായിരുന്നു. ഓമല്ലൂർ ഗ്രാമത്തിൽ എക്കാലവും മതസൗഹാർദ്ദം നിലനിന്നതിന്റെ തെളിവായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്കൃത വിദ്യാഭ്യാസ പാരമ്പര്യം

സംസ്കൃത വിദ്യാഭ്യാസത്തിന് പേരുകേട്ട സ്ഥലമാണ് ഓമല്ലൂർ. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട സംസ്കൃത സ്കൂളായിരുന്നു ആര്യഭാരതി വിദ്യാപീഠം.

വിദൂരസ്ഥലങ്ങളിൽ നിന്നും സംസ്കൃതപഠനത്തിന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.

ആര്യഭാരതി വിദ്യാപീഠം പിൽക്കാലത്ത് മലയാളം മീഡിയം ഹൈസ്കൂളായി മാറുകയുണ്ടായി.

വാസ്തുശില്പകലയും കരകൗശല പാരമ്പര്യവും

വാസ്തുശില്പകലയിൽ പ്രാവീണ്യം നേടിയ ഒരു സംഘമാളുകൾ ഓമല്ലൂരിൽ ജീവിച്ചിരുന്നു.

ഓമല്ലൂർ ക്ഷേത്രത്തിലെ കരിങ്കല്ല് നാഗസ്വരം, ചേങ്ങല തുടങ്ങിയവ ഇവരുടെ കരവിരുതിന്റെ തെളിവുകളാണ്.

സിവിൽ ഭരണക്രമത്തിന്റെ ചരിത്രം

മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചതിനുശേഷമാണ് ഈ പ്രദേശത്ത് സിവിൽ ഭരണക്രമം നടപ്പിലായത്.

പത്തനംതിട്ട താലൂക്ക് നിലവിൽ വരുന്നതിനുമുമ്പ് ദീർഘകാലം ഓമല്ലൂർ പ്രദേശം ചെങ്ങന്നൂർ മണ്ഡപത്തുംവാതുക്കലിന്റെ (താലൂക്കും ട്രഷറിയും ചേർന്ന ഓഫീസ്) കീഴിൽ ആയിരുന്നു.

തിരുവിതാംകൂർ അസംബ്ലിയിലും തിരു-കൊച്ചി അസംബ്ലിയിലും ഓമല്ലൂർ നിയോജകമണ്ഡലം നിലവിലുണ്ടായിരുന്നു. ഇന്നത്തെ പത്തനംതിട്ട അസംബ്ലി മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ഓമല്ലൂർ നിയോജകമണ്ഡലം.

നിയോജകമണ്ഡലവും ഭരണപരമായ മാറ്റങ്ങളും

കാലഘട്ടംപ്രധാന സംഭവം
1740–50മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജ്യത്തിന്റെ രൂപീകരണം; പന്തളം രാജ്യവും ഓമല്ലൂരും അതിൽ ഉൾപ്പെട്ടു.
1909ഓമല്ലൂരിൽ അനുവദിച്ച സ്കൂൾ താൽക്കാലികമായി പള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.
1930ഓമല്ലൂരിലെ സംയുക്ത ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം.
1932മഞ്ഞിനിക്കര പള്ളിയിൽ മൊറാൻ മാർ ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ കബറടക്കം.
1937മഹാത്മാഗാന്ധിക്ക് ഓമല്ലൂരിൽ സ്വീകരണം.
1941ഓമല്ലൂരിൽ പഞ്ചായത്ത് ഭരണം നിലവിൽ വന്നു.
1953തിരു-കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓമല്ലൂർ പഞ്ചായത്തിൽ കമ്മിറ്റി നിലവിൽ വന്നു; മഞ്ഞിനിക്കര വെളിയത്തുമുറി കോയിക്കൽ വീരകേരളവർമ്മരാജാ പ്രസിഡന്റായി.
1957പത്തനംതിട്ട അസംബ്ലി മണ്ഡലം രൂപംകൊണ്ടു.
1963കേരളസംസ്ഥാനം രൂപം കൊണ്ടതിനുശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓമല്ലൂർ പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള കമ്മിറ്റി നിലവിൽ വന്നു; ടി. എൻ. പാപ്പി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഓമല്ലൂർ പഞ്ചായത്ത് ഭരണത്തിന്റെ തുടക്കം

പഞ്ചായത്തുഭരണം ഓമല്ലൂരിൽ നിലവിൽ വന്നത് 1941-ൽ ആണ്.

തിരു-കൊച്ചി സംസ്ഥാനത്ത് നടന്ന ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ (1953 ആഗസ്റ്റ്) ഓമല്ലൂർ പഞ്ചായത്തിൽ ഒരു കമ്മിറ്റി നിലവിൽ വന്നു. മഞ്ഞിനിക്കര വെളിയത്തുമുറി കോയിക്കൽ വീരകേരളവർമ്മരാജാ പ്രസിഡന്റായി. കേരളസംസ്ഥാനം രൂപം കൊണ്ടതിനുശേഷം 1963-ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓമല്ലൂർ പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള കമ്മിറ്റി നിലവിൽ വന്നു. ടി. എൻ. പാപ്പി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഓമല്ലൂരിന്റെ ചരിത്ര പൈതൃകം

രാജഭരണകാലത്തെ ഭരണപാരമ്പര്യം, കോയിക്കൽ തമ്പുരാക്കന്മാരുടെ ചരിത്രം, തിരുവിതാംകൂർ രാജ്യത്തിന്റെ രൂപീകരണം, നൂറ്റാണ്ടുകൾ പഴക്കമുള്ള വയൽവാണിഭം, പുരാതന ക്ഷേത്രങ്ങളും പള്ളികളും, സംസ്കൃത വിദ്യാഭ്യാസം, വാസ്തുശില്പ-കരകൗശല പാരമ്പര്യം, ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങൾ, മതസൗഹാർദ്ദത്തിന്റെ പാരമ്പര്യം, സിവിൽ ഭരണക്രമത്തിന്റെ വളർച്ച, പഞ്ചായത്ത് ഭരണത്തിന്റെ രൂപീകരണം എന്നിവയിലൂടെ സമ്പന്നമായ ചരിത്രപൈതൃകം നിലനിർത്തുന്ന പ്രദേശമാണ് ഓമല്ലൂർ.